
തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ച സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ബി.അശോകിന്റെ സമ്മതമില്ലാതെയുള്ള നിയമനം നിയമ വിരുദ്ധമാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ജനുവരി ഒൻപതിനാണ്തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ച് കേരള സർക്കാർ ഉത്തരവിറക്കിയത്. ഈ നടപടിയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻറെ എറണാകുളം ബെഞ്ച് റദ്ദാക്കിയത്.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് ഡോ.ബി.അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷനായി സംസ്ഥാന സർക്കാർ നിയമിച്ചത്. തന്നെ ഡെപ്യൂട്ടേഷനിൽ മറ്റൊരു പോസ്റ്റിൽ നിയമിച്ചത് ചട്ടവിരുദ്ധമായാണ് എന്നായിരുന്നു ബി.അശോകിന്റെ വാദം. ഇത് അംഗീകരിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി.
കേഡർ പോസ്റ്റിൽ നിന്ന് ഡപ്യൂട്ടേഷനിൽ മറ്റൊരു പോസ്റ്റിലേക്കു മാറ്റുമ്പോൾ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് ബി.അശോക് ചൂണ്ടിക്കാട്ടിയിരുന്നു. തന്റേത് നിർബന്ധിത ഡെപ്യുട്ടേഷനാണ്. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ പോലും ഉൾപ്പെടുത്താതെയാണ് പൊടുന്നനെ തന്നെ തദ്ദേശ വകുപ്പിൽ കമ്മീഷനായി നിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയ്ക്കു സമാനമല്ല ഈ തസ്തിക. കമ്മിഷൻ ഔദ്യോഗികമായി രൂപീകരിച്ചിട്ടില്ലെന്നും സ്റ്റാഫ് ഘടന നിശ്ചയിച്ചിട്ടില്ലെന്നും ബി.അശോക് വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ഉത്തരവ്. നേരത്തെ ഹർജി പരിഗണിക്കവെ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും കാർഷികോൽപ്പാദന കമ്മിഷണറായും തുടരാൻ ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിലൂടെ ബി.അശോകിന് അനുമതി നൽകിയിരുന്നു











